കേരള തീരത്തേക്ക് ഓഖി ചുഴലിക്കാറ്റ് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയ്ക്കു സാധ്യത. തെക്കന്‍ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ശക്തി പ്രാപിക്കുക. ഇതുവരെ നാല് മരണമാണ് കന്യാകുമാരിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ വീശിയടിക്കുന്നത്. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഖലയിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിനോദസഞ്ചാരത്തിനായി പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ വൈകുന്നേരം ആറിനും രാവിലെ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കുക. വൈദ്യുതതടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍. സുനാമി സാധ്യതയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു.